Wednesday, November 30, 2011

കല്യാണ കൊട്ടേഷന്‍ ഇന്‍ കലവൂര്‍

എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ അനീഷിന്റെ കല്യാണം കൂടാന്‍ ആണ് രണ്ടായിരത്തി ഒന്‍പതു മെയ്‌ മാസം നാട്ടില്‍ എത്തിയത്. നാട്ടിലെ പല ബാല്യകാല സുഹൃത്തുക്കളും അതില്‍ പങ്കെടുക്കുവാന്‍ എത്തുന്നു എന്നത് കൂടുതല്‍ സന്തോഷത്തിനു വക നല്‍കി. മറ്റൊന്ന് വീടിന്റെ അടുത്ത് തന്നെ മാരന്‍കുളങ്ങര അമ്പലത്തിനു അടുത്ത് തന്നെ ആണ് കല്യാണ ചെക്കന്റെ വീട്. ബാല്യം കൌമാരം, പിന്നെ നാട്ടുകാര് ഓടിച്ചു ഡല്‍ഹിക്ക് വിടുന്നവരെ യൌവ്വനം ഒക്കെ ഈ അമ്പലമുറ്റത്ത്‌ ഇന്നും ചിതറി കിടപ്പുണ്ട്. ഈ ചിന്താഗതി തന്നെ ഇന്ത്യയിലെ ഒപ്പം വിദേശത്തെയും പല സ്ഥലങ്ങളിലെയുംഎല്ലാ കൂട്ടുകാരെയും ഈ കല്യാണം കൂടാന്‍ പ്രേരണ നല്കിയതും. കാര്‍ത്തികേയന്‍, അനില്‍ പ്രശാന്ത്, സജികുട്ടന്‍, രാഗേഷ്, സന്തോഷ്‌, കണ്ണപ്പന്‍, സുനില്‍, പ്രശാന്ത്‌ സിതാര, കുട്ടന്‍, അങ്ങനെ ഒരു പാട് സുഹൃത്തുക്കള്‍ തലേ ദിവസം രാവിലെ എന്റെ വീട്ടില്‍ ഹാജര്‍ ആയി. എങ്ങനെ പരിപാടിക്ക് തുടക്കം ഇടും എന്നാ ചര്‍ച്ചയായിരുന്നു മുഖ്യ വിഷയം. കാരണം തുടക്കം ഷാപ്പില്‍ നിന്നും വേണോ, അതോ പ്ലാസ ബാറില്‍ നിന്നും വേണോ എന്നത് കൂട്ട തല്ലില്‍ കലാശിച്ചാലോ എന്ന് പേടിച്ചു
ഞാന്‍ പറഞ്ഞു നമ്മള്‍ക്ക്

"കടപ്പുറത്ത് നിന്നും തുടങ്ങാം"
ഒറ്റ കോറസായി മറുപടി വന്നു

"അളിയാ നീയാണ് യഥാര്‍ത്ഥ സുഹൃത്ത്‌"
അങ്ങനെ കൂടും കുടുക്കേം ഒക്കെ ആയി, കാട്ടൂര്‍ കടപ്പുറം. അങ്ങനെ കടല്‍പ്പുറത്തെ മണലില്‍ ഇരുന്നു, സുഖങ്ങളും ദുഖങ്ങളും വിശേഷങ്ങളും പങ്കു വച്ചും, ഒപ്പം ഓരോരുത്തരും ജോലി ചെയ്യുന്ന കമ്പനിക്കും മേലളന്മാര്‍ക്കും കടലിലെ തിരകളെ സാക്ഷി നിര്‍ത്തി തന്തക്കു വിളിച്ചും, കൂട്ടത്തില്‍ വാളു വച്ചും പരിപാടി തകര്‍ത്തു. ഇതില്‍ ഒരു സുഹൃത്തിന്റെ വീട് അതിനടുത്ത് തന്നെ ആയതു കൊണ്ട് നാട്ടുകാര് പോലീസിനെ വിളിച്ചില്ല.

ഒരു ഗള്‍ഫ്‌ സുഹൃത്ത്‌ പ്രൊമോഷന്‍ കിട്ടാത്തതിന്റെ ടെന്‍ഷന്‍ കടലിനോടു പറയുന്നത് കണ്ടപ്പോള്‍ ചിരിവന്നില്ല, പക്ഷെ ദുബായ് എന്നാ രാജ്യത്തിനെ കാട്ടൂര്‍ കടപ്പുറത്ത് വന്നാല്‍ കാണിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ ചിരി വന്നു പോയി. അടുത്ത ആഴ്ച തിരിച്ചു അങ്ങോട്ട്‌ പോകാന്‍ ഉള്ളവനെ ഇതൊക്കെ വീഡിയോ എടുത്തു കാണിക്കണം. അവന്‍ ദുബൈയോടു മാപ്പ് പറയും ഉറപ്പല്ലേ.

ഏകദേശം ഒരു പന്ത്രണ്ടു മണിയോടെ സ്റ്റാര്‍ ടിംഗ് ട്രബിള്‍ ഒക്കെ മാറ്റി കല്യാണ ചെക്കന്റെ വീട്ടില്‍ എല്ലാവരും എത്തി. അന്നേരം ചെക്കന്റെ അമ്മാവന്‍ പറഞ്ഞു കലവൂര്‍ മാര്‍കെറ്റില്‍ നിന്നും കുറച്ചു പച്ചകറി കൊണ്ട് വരണം ആര് പോവും ന്നു. ഞാന്‍, അനില്‍ പ്രശാന്ത്, കണ്ണപ്പന്‍, സന്തോഷ്, കാര്‍ത്തികേയന്‍, എന്നിവര്‍ തയ്യാറായി. പയ്യന്റെ അളിയന്‍ കൂടിയായ കണ്ണപ്പന്റെ ഓംനി വാന്‍ പത്താമത്തെ ഞെക്കില്‍ സ്റ്റാര്‍ട്ട്‌ ആയി. വണ്ടി നേരെ ഇടവഴി കലവൂര്‍ മാര്‍ക്കറ്റ്‌ ലക്ഷ്യമാക്കി നീങ്ങി. ഡ്രൈവിംഗ് സീറ്റില്‍ അനില്‍ പ്രശാന്ത് , തൊട്ടടുത്ത്‌ ഞാന്‍, പിന്നെ ബാക്കി ടീം. എല്ലാം നല്ല തടിയന്മാര്‍, പട്ടിണിയാണെന്ന് കണ്ടാല്‍ പറയൂല്ലാ. അങ്ങനെ കുറച്ചു മുന്നോട്ടു നീങ്ങി എവെര്‍ ഷൈന്‍ ക്ലബ്ബിന്റെ ക്രിക്കറ്റ്‌ മാച്ചു നടക്കുന്ന പാടത്തിന്റെ അരികിലൂടെ ഓംനി കുതിക്കുന്നു. (സോറി ഇഴയുന്നു). അന്നേരം ആണ് ഞങ്ങളുടെ നാട്ടിന്‍പുറത്തെ സുഹൃത്തും, തലപന്ത് കളിയുടെ ആശാനുമായ അജികുട്ടന്റെ വരവ്. വരവ് കാണുമ്പോള്‍ അറിയാം, രണ്ടെണ്ണം വിട്ടിടുണ്ട് ന്നു. പെട്ടന്നായിരുന്നു, അനില്‍ പ്രശാന്ത് വണ്ടി വെട്ടിച്ചു അജികുട്ടന്റെ മുന്നില്‍ ചവിട്ടി നിര്‍ത്തി, എന്നിട്ട് ഒറ്റ അലര്‍ച്ച

"ഇവന്‍ തന്നെ ആള്, വെട്ടടാ ന്നു"
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് അജികുട്ടന്‍ പാടത്തിന്റെ നടുവില്‍ എത്തി. പിന്നെ ഓട്ടത്തിനടയില്‍ ഫോണ്‍ എടുത്തു ആര്‍ക്കോ ഫോണ്‍ ചെയ്തു. എന്നിട്ട് പറയുവാ,

"ശശി അണ്ണാ എനിക്ക് കൊട്ടേഷന്‍ വീണു, ഫുള്‍ സെറ്റപ്പ് ടീമാണ്, കിഴക്ക് നിന്നും പെട്ടന്ന് ആളിനെ ഇറക്കു"

എന്നിട്ട് തിരിഞ്ഞു നിന്നും ഞങ്ങളെ നോക്കി ഒരു ഡയലോഗ്
"ആള് മാറില്ലല്ലോ അല്ലെ, ഞാന്‍ തന്നെയല്ലേ"

ഞങ്ങളുടെ കൂട്ട ചിരി കേട്ട് അജികുട്ടന്‍ തിരിച്ചു വന്നു. എന്നിട്ട് പറഞ്ഞു
"എടാ കോപ്പേ നിങ്ങള്‍ ആയിരുന്നോ, ആഞ്ഞിലി ചക്ക പോലെ ഇരുന്ന നീ ഒക്കെ ഇപ്പം പ്ലാവിന്‍ ചക്ക പോലെ ആയതു കണ്ടു പേടിച്ചു പോയി *&^%$"
അങ്ങനെ അജികുട്ടനെയും പിടിച്ചു വണ്ടിയില്‍ കേറ്റി മാര്‍കെറ്റില്‍ പോയി പച്ചക്കറി എടുത്തു തിരിച്ചു വന്നപ്പോള്‍ കണ്ണപ്പന്റെ അച്ഛന്‍ പറഞ്ഞു

"മാരാരിക്കുളത്ത് എന്തോ പാര്‍ട്ടി സംഘട്ടനം ഉണ്ടായി, പോലീസ് കറങ്ങുന്നുണ്ട്, അത് കൊണ്ട് സൂക്ഷിക്കണം, എന്ജോയ്മെന്റ്റ് ഒക്കെ ഇവിടെ മതി, റോഡിലും അമ്പലത്തിന്റെ ഗ്രൌണ്ടിലും വേണ്ടാ ന്നു"
(അപ്പോള്‍ ചുമ്മാതല്ല അജികുട്ടന്‍ പറന്നത് അന്നേരം. )

നാല് മണി ആയപ്പോള്‍ ഞാനും കണ്ണപ്പനും അനിലും കൂടി നേരെ ആലപ്പുഴ ടൌണില്‍ പോയി, ഒന്ന് ഇല വാങ്ങാനും പിന്നെ മുല്ലപ്പൂ വാങ്ങാനും. ബാക്കിയുള്ളവര്‍ പോലീസ് എന്ന് കേട്ടതും കല്യാണ വീട്ടില്‍ സഹായത്തിനു കൂടി, മിക്കവര്‍ക്കും അടുത്ത ആഴ്ച ഗള്‍ഫില്‍ തിരിച്ചു ചെല്ലണ്ടതാ, അത് തന്നെ കാരണം അല്ലാതെ പേടിച്ചിട്ടല്ല.

അങ്ങനെ ഞങ്ങള്‍ മൂവര്‍ ടൌണില്‍ എത്തി, വീണ്ടും കണ്‍ഫ്യൂഷന്‍ ആയി, ആദ്യം മുല്ലപ്പൂ വാങ്ങണോ ഇല വാങ്ങണോ എന്നല്ലയിരുന്നു കണ്‍ഫ്യൂഷന്‍ . ചിത്തിരയില്‍ കയറണോ അതോ ആര്‍ക്കാടിയയില്‍ കയറണോ എന്നായിരുന്നു. അവസാനം അത് കോമളയില്‍ ആക്കി.അവിടുന്ന് മരുന്നും സേവിച്ചു വണ്ടി എടുത്തു കോമളക്ക് പുറത്തിറങ്ങിയതും മുന്നിലെ ബൈക്കുകാരന്റെ പുറകില്‍ തട്ടി, ബൈക്കിന്റെ കുറച്ചു പാര്‍ട്സ് താഴെ വീണു ചിതറി. അന്നേരം ഡ്രൈവിംഗ് സീറ്റില്‍ നോക്കുമ്പോള്‍ കണ്ണന്‍ ഇരുന്നു ഉറങ്ങുന്നു. അപ്പോഴേക്കും ബൈക്കുകാരനും സഹ ബൈക്കനും വന്നു വഴക്കായി. അവര് പറയുന്നതില്‍ കാര്യമുണ്ട്, ഒരു ആഴ്ച ആയതേ ഉള്ളു വണ്ടി എടുത്തിട്ട്, പുറകിലെ ലൈറ്റ്, ഇണ്ടികെറ്റൊര്‍, ഒരു സൈഡ് ബോക്സ്‌ ഇതൊക്കെ റോഡില്‍ അവിടെ അവിടെ ഒക്കെ ആയി കിടപ്പുണ്ട്. എന്തായാലും വെറുതെ പൊല്ലാപ്പിനു പോകാതെ അടുത്ത ഹീറോ ഹോണ്ട ഷോ റൂമില്‍ കയറി ഇവന്റെ സാധനം ഒക്കെ വാങ്ങി കൊടുത്തു. ആ പൈസ ഇവന്മാര്‍ എന്നെകൊണ്ട്‌ കൊടുപ്പിച്ചു. വീട്ടില്‍ എത്തിയാല്‍ തിരിച്ചു തന്നിരിക്കും എന്ന് കണ്ണപ്പന്‍ ഷോ റൂമിലെ ഡിസ്പ്ലേയില്‍ വച്ചിരുന്ന വണ്ടിയില്‍ തൊട്ടു സത്യം ചെയ്തു, അനില്‍ സപ്പോര്‍ട്ടും ചെയ്തു. കുറച്ചു പൈസ പോയികിട്ടി. എന്തായാലും കണ്ണപ്പനെ പിടിച്ചു ബാക്കില്‍ കിടത്തി അനില്‍ തേര് തെളിച്ചു വീട്ടില്‍ എത്തിച്ചു. വീട്ടില്‍ വന്നു ആരോടും പറഞ്ഞുമില്ലാ.

ഇലയും മുല്ലപ്പൂവും സ്വാഹ (മറന്നു പോയി.) ഈ സാധനങ്ങള്‍ അനിഷിന്റെ അമ്മാവന്‍ വേറെ ആളെ വിട്ടു എടുപ്പിച്ചത് മറ്റൊരു കഥ. കാരണം പുള്ളിക്കാരന്‍ ഇന്നും ഞങ്ങളോട് മിണ്ടൂല്ല, പിണക്കമാ (ഈ ഭാഗം ഇപ്പോള്‍ ഇവിടെ പറഞ്ഞത് ഒരു രസത്തിനു മാത്രം, അല്ലാതെ ആ പൈസ കിട്ടാഞ്ഞിട്ടല്ല).

അങ്ങനെ രാത്രി ആയി, ഇതിനിടെ കുറച്ചു ടീംസ് തകഴിയില്‍ നിന്നും വന്നിരുന്നു. അവരുടെ എന്ജോയ്മെന്റ്റ് വേറെ തകര്‍ക്കുന്നു. ഇതിനിടക്ക്‌ പോലീസ് വണ്ടി ഒരു നൂറു വട്ടം എങ്കിലും സെര്‍ച്ച്‌ നടത്തുന്നു. കാണുന്നവരേം കൂട്ടം കൂടി നില്‍ക്കുന്നവരേം ഒക്കെ ചോദ്യം ചെയ്യുന്നു. ഇതിനിടെ തകഴിയില്‍ നിന്നും വന്ന ടീമിനെ പോലീസ് പൊക്കി ചോദ്യം ചെയ്തു. കാരണം റോഡ്‌ പോലീസിന്റെ കറക്കം കാരണം കാലി ആയപ്പോള്‍ ഇവന്മാര്‍ വെള്ളമടിച്ചു യമഹ -നൂറു കൊണ്ട് റോഡില്‍ റേസ് നടത്തി. കല്യാണത്തിന് വന്നതാണെന്ന് അവന്മാര്‍ കരഞ്ഞു പറഞ്ഞത് കൊണ്ട് വിട്ടു", ഇല്ലേല്‍ എസ് ഐ മിന്നല്‍ ബാബു ഇടിച്ചു പഞ്ഞിക്കിട്ടേനെ.

ഏകദേശം ഒരു മണിയായപ്പോള്‍ ഞങ്ങള്‍ പരിപാടി തകര്‍ത്തു നേരെ ഗ്രൗണ്ടില്‍ വന്നു. കവിത, നാടന്‍ പാട്ട്, സിനിമ ഗാനങ്ങള്‍ ഒക്കെ ആയി കൊഴുത്തു. പിന്നെ അമ്പല കുളത്തിന്റെ അരികില്‍ സിതാര പ്രശാന്തിന്റെ വണ്ടി കൊണ്ട് വന്നു കഴുകാന്‍ തുടങ്ങി. ഈ വണ്ടിയാണ് ചെറുക്കന് നാളെ പോവാന്‍ വേണ്ടി അലങ്കരിക്കണ്ടത്. ഇതിന്റെ നേതൃത്വം അജികുട്ടന്‍ സ്വയം അങ്ങ് ഏറ്റെടുത്തു. അനില്‍പ്രശാന്ത്‌ ഒരു ഒറ്റ തോര്‍ത്ത്‌ ഉടുത്തു കുളത്തില്‍ നീരാട്ട് തുടങ്ങി. കുറച്ചു ഫിറ്റായി കഴിഞ്ഞപ്പോള്‍ അജികുട്ടന്‍ പോലീസ് വന്നാല്‍ പുല്ലാണ് ന്നു മുദ്രാവാക്യം തുടങ്ങി. ഒപ്പം,

"നിങ്ങള്‍ പേടിക്കണ്ട മക്കളെ , എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കും, എന്നെ അറസ്റ്റ് ചെയ്തോട്ടെ "

എന്ന് പറഞ്ഞതും മുന്നില്‍ പോലീസ് വണ്ടി ബ്രേക്ക്‌ ചെയ്തു. പുറകില്‍ മറ്റൊരു ജീപ്പും. മിന്നല്‍ ബാബു ചാടി ഇറങ്ങി ജീപ്പില്‍ നിന്നും. അജികുട്ടന്‍ മുണ്ടൊക്കെ അഴിച്ചു ഭവ്യന്‍ ആയി , പോലീസുകാര്‍ എന്തേലും ചോദിക്കുന്നതിനു മുന്നേ അജികുട്ടന്‍ പറഞ്ഞു.

"സാറെ ഇവിടെ അടുത്ത് ഒരു കല്യാണം ആണ് നാളെ. അതിനു ഞങ്ങള്‍ വണ്ടി അലങ്കരിക്കുകയാണ് "
എന്ന് പറഞ്ഞു അജികുട്ടന്‍ തിരിഞ്ഞു നോക്കിയതും കാറും അജികുട്ടനും മാത്രംആ പരിസരത്ത്, പിന്നെ ഇതൊന്നും അറിയാതെ വെള്ളത്തില്‍ മുങ്ങാംകുഴി ഇടുന്ന അനിലും.

എസ് ഐ : ആരാടാ ഞങ്ങള്‍?? (അജികുട്ടന്‍ വിയര്‍ക്കുന്നു, ആടുന്നു)
എസ് ഐ : ആരാടാ കുളത്തില്‍ ??
അജികുട്ടന്‍ : അത് ഒരു കൊച്ചു പയ്യനാ സാറേ, കുളത്തില്‍ നീന്തല്‍ പഠിക്കുവാ"

പറഞ്ഞതും കുളത്തില്‍ നിന്നും അനില്‍ കയറി വന്നു. അജികുട്ടനെയും അനിലിനെയും എസ് ഐ മാറി മാറി നോക്കി. അനില്‍ ഒന്നും മനസിലാവാതെ മാറും മറച്ചു നിന്നു. ഉടനെ ഒരു കതിനാ പൊട്ടിയ ശബ്ദം ആ രാത്രിയില്‍ കലവൂരില്‍ മുഴങ്ങി. ഞങ്ങളും കേട്ടു എന്ന് തോന്നുന്നു.അത് മിന്നല്‍ ബാബു അജികുട്ടന്റെ മുഖത്ത് പൊട്ടിച്ചതായിരുന്നു, എന്നിട്ട് ജീപ്പില്‍ കേറുന്നതിനു മുന്‍പ് ഒരു ഡയലോഗ്.

"ഈ മലമ്പാമ്പിനെ പോലുള്ള മുതുക്കന്‍ ആണോടാ നിന്റെ കുഞ്ഞു വാവ"

Wednesday, May 18, 2011

വയര്‍ കുറയ്ക്കൂ, ഈസി ആയി

വിശാലേട്ടന്റെ ലവണ തൈലം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ മുതല്‍ എനിക്കും ഒരു പോസ്റ്റ്‌ എഴുതാന്‍ ഉള്ള വെമ്പല്‍ കലശലായി. എഴുതാന്‍ പോകുന്ന കഥയ്ക്ക് തൈലവുമായി ബന്ധം ഒന്നും ഇല്ലങ്കിലും അതിന്റെ പേരും പറഞ്ഞു ഒരു ആശുപത്രി അനുഭവം എഴുതിയേക്കാം എന്ന് കരുതി. കാരണം കല്യാണം കഴിഞ്ഞു ആദ്യത്തെ ആശുപത്രി സന്ദര്‍ശനം, കൂടാതെ അപ്പനാവാന്‍ പോവുന്ന സന്തോഷവും.

കല്യാണ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ മദ്യ സേവയും വലിച്ചുവാരി തീറ്റിയും ഒക്കെ നിര്‍ത്തലാക്കി ഒരു മാതിരി മുഖത്തെ നീരൊക്കെ ഒന്ന് മാറ്റിയെടുത്തു. പക്ഷെ മുഖത്ത് സിക്സ് പായ്ക്ക് വന്നെങ്കിലും വയറു കള്ളുകുടം കമിഴ്ത്തിയ പോലെ തന്നെ ഇരുന്നു. അന്നേരമാണ് രമണ തൈലം പരീക്ഷിക്കാം എന്നോര്‍ത്തത്, പെരട്ടി പെരട്ടി കൈ ഉണക്ക ചുള്ളി പോലെ ആയതല്ലാതെ വയറു അടിക്കടി വീര്‍ത്തു വന്നു.

ഭാര്യക്ക്‌ വിശേഷം ആയി അഞ്ചാം മാസത്തിലേക്ക് കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ഈസി ആയി ഒന്‍പതാം മാസത്തിലേക്ക് കടന്നു. അതിന്റെ ബുദ്ധിമുട്ട് മനസിലായത് എന്റെ വലതു കാലിനൊരു വേദന വന്നു ഉപ്പുകുറ്റി നിലത്തു ചവിട്ടാന്‍ പറ്റാത്ത അവസ്ഥ ആയപ്പോള്‍ ആയിരുന്നു. ആദ്യം തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോര്‍കാരന്‍ മരുന്ന് തന്നു. വേദനക്ക് ഒരു കുറവും ഇല്ല. പിന്നെ ഉത്തം നഗറിലെ നയ്യരന്‍സ് ഹോസ്പിറ്റലില്‍ പോയി. ഡോക്ടര്‍ സര്‍ എന്നെ കണ്ടു സന്തോഷം കൊണ്ട് പുളകിതനായി. കാരണം മൊബൈലില്‍ ക്രിക്കറ്റ്‌ ഗെയിം കളിച്ചുകൊണ്ടിരുന്ന പുള്ളിക്കാരന്‍ ഫ്രീ ഹിറ്റില്‍ സിക്സര്‍ അടിക്കാന്‍ നിക്കുന്ന ബാറ്റ്സ്മാനേ പോലെ ഉന്മേഷത്തോടെ ചാടി എഴുന്നേറ്റു.

മൂത്താപ്പ ആദ്യം കാലിലെ നീരൊക്കെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു

"ഹാര്‍ട്ട് പോയെന്നു തോന്നുന്നു, ഈ സീ ജീ എടുക്കണം എന്ന്"

അഞ്ചാം മാസത്തിന്റെ വയറുമായി നിക്കുന്ന ഭാര്യ ഞാന്‍ കുഞ്ഞിനെ കാണാതെ തട്ടി പോകുമെന്നോ എന്നോ എന്തോ കരുതിയിട്ടു പെട്ടന്ന് പറഞ്ഞു.

"എടുക്കാം"

മാന്യമായി അവള് തന്നെ ബില്ലടച്ച്‌ എന്നെ ഒരു വിധത്തില്‍ എഴുന്നേല്‍പ്പിച്ചു ബേസ് മെന്റില്‍ കൊണ്ട് പോയി. ശരീരത്ത് ഒട്ടിച്ചു വച്ചിരുന്ന ടീ ഷര്‍ട്ട്‌ വയറു കാരണം ഊരാന്‍ പറ്റിയില്ല അതുകൊണ്ട് പൊളിച്ചെടുത്ത് മൂലയില്‍ ഇട്ടു. പിന്നെ കിടത്തി കുറെ വയറുകള്‍ ഒക്കെ പിടിപ്പിച്ചു കഴിഞ്ഞു സൂപ്പര്‍ മാര്‍ക്കറ്റ്‌കാര് തരുന്ന പോലെ ഒരു നെടുനീളന്‍ പേപ്പര്‍ തന്നിട്ട് അതും കൊണ്ട് നേരെ വീണ്ടും ഡോക്ടര്‍ സാറിന്റെ അടുത്തേക്ക്. വിശദമായി നോക്കിയിട്ട് മൂത്താപ്പ മൊഴിഞ്ഞു

"ഹൃദയം ഓക്കേ ആണ്, ഒരു കുഴപ്പവും ഇല്ല"

അത് വരെ എസ് എസ് എല്‍ സീ പരീക്ഷ ഫലം അറിയാന്‍ നിക്കുന്ന അവസ്ഥയില്‍ കൂനി കൂടി ഇരുന്ന ഞാന്‍ ഒന്ന് നിവര്‍ന്നു ഭാര്യയെ നോക്കി കണ്ണുരുട്ടി. അന്നേരം മൂത്താപ്പയുടെ അടുത്ത ഡയലോഗ്

"കരളു കൂടി നോക്കാം, ചിലപ്പോള്‍ കരളു പോയതാവും"

ഞാന്‍ വീണ്ടും പഴയ പൊസിഷന്‍ ഇത്തവണ ഭാര്യ കണ്ണുരുട്ടി.

അടുത്ത ചോദ്യം വന്നു "മദ്യപിക്കുമോ??

സത്യത്തില്‍ ഞാന്‍ പറയാന്‍ വന്നത് ഇതായിരുന്നു "ഒരു വര്‍ഷം മുന്‍പ് വരെ കട്ട അടിയായിരുന്നു, വിവാഹം ഉറപ്പിച്ചതോടെ അമ്മേടെ തലേല്‍ തൊട്ടു സത്യം ചെയ്തു നിര്‍ത്തി"

പക്ഷെ പറഞ്ഞത് നമ്മുടെ കൊച്ചു പ്രേമന്‍ പറയുന്ന പോലെ
"ഓ, വളരെ കുറച്ചു" എന്ന് മറുപടി പറഞ്ഞു

"എത്ര അളവില്‍ കഴിക്കുമായിരുന്നു??
(സാധാരണ ബോധം കെടുന്ന വരെ ആണ് കണക്ക്, പിന്നെ പിറ്റേന്ന് ഉണര്‍ന്നു കാലികുപ്പി എണ്ണി നോക്കിയും കൂട്ടുകാരോട് ഫോണ്‍ ചെയ്തും ചോദിച്ചാണ് അളവ് അറിഞ്ഞിരുന്നത്). സത്യം പറഞ്ഞാല്‍ പെണ്ണുംപുള്ള അവിടെ വച്ച് തന്നെ ഡിവോര്‍സ് തന്നാലോ എന്ന് പേടിച്ചു പൂച്ച കരയുന്ന പോലെ പറഞ്ഞു.

"വളരെ കുറച്ചു"

"ബീയറോ അതോ വിസ്കിയോ അതോ ബ്രാണ്ടിയോ അതോ റമ്മോ"

അത് കേട്ടപ്പോള്‍ ചൊറിഞ്ഞു കേറിയെങ്കിലും എന്റെ നോട്ടം പുള്ളിക്കാരന്റെ പുറകിലെ ഫ്രിഡ്ജ്‌ലേക്കും അതിനുശേഷം ജനലിലൂടെ നേരെ നോക്കിയാല്‍ കാണുന്ന കള്ളുകടയിലേക്കും ആണെന്ന് അറിഞ്ഞപ്പോള്‍ നിര്‍ത്തി ഭാര്യയോട്‌ പറഞ്ഞു.

"കരള് ഓക്കേ ആണ്, "ഒരു കാര്യം ചെയ്യാം, നെഞ്ചിന്റെ എക്സ് റേ എടുത്തേക്കാം പൈസ അടച്ചോ"

കാലിന്റെ വേദനക്ക് നെഞ്ചിന്റെ എക്സ് റേ, അമ്മേ ഓഫീസില്‍ നിന്നും മെഡിക്കല്‍ അലവന്‍സ് ഉള്ളത് ഭാഗ്യം, ഇല്ലാരുന്നേല്‍ ഭാര്യേ നിന്റെ താലിമാല തൊട്ട് മുന്നിലെ മണപ്പുറം / മുത്തൂറ്റ് ലോക്കറില്‍ കേറി വിശ്രമിച്ചേനെ. ഭാര്യ വീണ്ടും ബില്ലടച്ച്‌ എന്നെയും തോളില്‍ താങ്ങി കൊണ്ട് വേറൊരു റൂമില്‍,

പണ്ട് പ്രീതി കുളങ്ങര എല്‍ പീ സ്കൂളില്‍ ക്ലാസ്സ്‌ മുറി മറക്കാന്‍ ഉപയോഗിക്കുന്ന പനമ്പ് പോലെ ഒരു തട്ടില്‍ കുരിശില്‍ കമന്നു കിടക്കുന്ന പൊസിഷനില്‍ നിര്‍ത്തിയപ്പോള്‍ "ഇനി ചന്തിയുടെ എക്സ് റേ ആണോ" എന്ന് ആദ്യം സംശയിച്ചു.

അത് കഴിഞ്ഞു വീണ്ടും മുകളില്‍ എത്തി. കാലില്‍ മന്ത് പോലെ ആയി നീര്. കെട്ടിയോളുടെ ചുമലില്‍ അധികം ഭാരം കൊടുത്താല്‍ അവള് ഒടിഞ്ഞു പോകുന്ന സ്ഥിതി ആയതിനാല്‍ ചുമര് തന്നെ ശരണം. കുറച്ചു കഴിഞ്ഞു എക്സ് റേ വന്നു. അത് നോക്കിയ മൂത്താപ്പയുടെ മുഖം കറുത്ത് കരുവാളിച്ചു. കാരണം നെഞ്ചും കൂടും വര്‍ക്കിംഗ്‌ കണ്ടിഷനില്‍ തന്നെ.

ഭാര്യുടെ സകല കണ്ട്രോളും വിട്ടു ചൂടായി അയാളോട് ഒരു ചോദ്യം
"കാലോട്ടു നോക്കടോ, മന്ത് പോലെ ആയി, കാലിനു എന്തേലും ചെയ്യാം പറ്റുവോ"
അവളെ കുറ്റം പറയാന്‍ പറ്റുകേല, കാരണം കൈയ്യിലിരുന്ന കാശു തീരാറായി, അതുമല്ല ഞാന്‍ ചേര്‍ത്തലക്കാരന്‍ ആയതു കൊണ്ട് ഇനി ഒറിജിനല്‍ മന്തന്‍ ആണോ എന്ന് പരിചയക്കാര്‍ ചോദിക്കുമോ എന്ന ടെന്‍ഷനും കാണും.

അന്നേരം ഡോക്ടര്‍ സാര്‍ പറയുവാ
"ബേട്ടി പേടിക്കണ്ട മരുന്ന് കുറിച്ച് തരാം, ഇത് രണ്ടു ദിവസം കഴിക്കു, വേദന കുറയും നീരും കുറയും, പുള്ളിക്കാരന് ബീ പീ കൂടിയതാണെന്ന് "
തല കറങ്ങി വീണില്ല എന്നെ ഉള്ളു. ബോബനും മോളിയിലേം ചേട്ടത്തി തലേല്‍ കൈ വച്ച് നിക്കണ പോലെ ഭാര്യ കണ്ണും തള്ളി നിന്നു. അങ്ങനെ ഒരു വിധത്തില്‍ വീട് പിടിച്ചു, ഇങ്ങേരു എഴുതി തന്ന മരുന്ന് കഴിച്ചിട്ടും വലത്തേ കാലിലെ പാദത്തിലെ നീറ്റലും പുകച്ചിലും നീരും അങ്ങനെ തന്നെ നിന്നു. ഭാര്യ ഒട്ടും വയ്യെങ്കിലും ഉറങ്ങാതെ കാലില്‍ വീശി തന്നും, ഒമ്നി ജെല്‍ പുരട്ടി തന്നും എന്റെ വേദന കണ്ടു കണ്ണുനീര്‍ പൊഴിച്ചും ഫയങ്കര സപ്പോര്‍ട്ട് തന്നു.

പിറ്റേന്ന് രാവിലെ തന്നെ ജനക് പുരി എന്ന സ്ഥലത്തെ ഒരു പ്രശസ്ത ഹോസ്പിറ്റലില്‍ അമ്മായി അച്ഛന്‍ എന്നെ കൊണ്ട് പോകാന്‍ വന്നു. അതിനടുത്തു തന്നെ താമസിക്കുന്ന എന്റെ സുഹൃത്ത്‌ രജിയെട്ടനോട് ഓ പീ ടിക്കറ്റ്‌ എടുത്തു വക്കാനും പറഞ്ഞു പറഞ്ഞു, ഒരു സൈഡില്‍ അമ്മായി അച്ഛനും മറു സൈഡില്‍ ഭാര്യയും കൂടി താങ്ങി വണ്ടിയില്‍ കയറ്റി ഹോസ്പിറ്റലില്‍ എത്തി. രജി ചേട്ടന്‍ അവിടെ കാത്തു നിന്നിരുന്നു. പിന്നെ നേരെ എല്ലിന്റെ സ്പെഷ്യല്‍ ഡോക്ടറുടെ അടുത്ത് ചെന്ന് ഇരുന്നു. കാലൊക്കെ പിടിച്ചു നോക്കി പുള്ളി പറഞ്ഞു
"ആദ്യം രണ്ടു കാലിന്റെം എക്സ് റേ എടുത്തോണ്ട് വാ നോക്കട്ടെ"

അങ്ങനെ വീണ്ടും താങ്ങി പിടിച്ചു എക്സ് റേ റൂമില്‍ വന്നു രണ്ടു കാലിന്റെയും പാദത്തിന്റെ ജോയിന്റ്-ന്റെ എക്സ് റേ എടുത്തു. രെജിയെട്ടനും അച്ഛനും റിപ്പോര്‍ട്ട്‌ വാങ്ങി നേരെ ഡോക്ടറുടെ റൂമില്‍ പോയി . ഭാര്യയും ഞാനും കൂടി പുറത്തു കാത്തിരുന്നു. കുറച്ച് കഴിഞ്ഞു രജി ചേട്ടന്‍ ഓടി കിതച്ചു വന്നിട്ട് പറഞ്ഞു.

"ഡാ നിന്റെ ഇടത്തെ കാലിനാണോ പ്രശ്നം വലത്തേ കാലിനാണോ"

ഞാന്‍ പറഞ്ഞു "വലതു കാലിനു, നീര് കണ്ടില്ലേ , എന്താ കാര്യം"

"അല്ല ഡോക്ടര്‍ പറയുവാ നിന്റെ ഇടതു കാലിനാണ് പ്രശ്നം, അതില്‍ എല്ല് വളരുന്നു എന്ന്"

അയ്യോ, ഞാനും ഭാര്യയും ഒരുമിച്ചു ഇടതു കാലില്‍ നോക്കി, ഒരു കുഴപ്പവും ഇല്ല, അന്നേരം അച്ഛനും അവിടെ എത്തി, ഞാന്‍ പതിയെ എല്ലാരോടും പറഞ്ഞു

"ബാ നമ്മക്ക് വീട്ടില്‍ പോവാം ഇവിടെ ഇരുന്നാല്‍ ഇവന്മാര് എന്റെ കാലു മുറിച്ചു മാറ്റണം എന്ന് പറയും അത് കൊണ്ട് ഈ വേദന ഞാന്‍ സഹിച്ചോളാം"

പതിയെ ഭാര്യുടെ തോളില്‍ താങ്ങി ഒരു കൈ നടുവിന് കൊടുത്തു അവളും, ഒരു കൈ എന്റെ നടുവിന് കൊടുത്തു ഞാനും നടുക്കുമ്പോള്‍ ബീഡി വലിച്ചു വലിച്ചു വിസ തീരാറായ നിലത്തിരുന്ന ഹിന്ദിക്കാരി അമ്മൂമ്മ പിന്നാലെ വന്ന അച്ഛനോടും രെജിയെട്ടനോടും ചോദിക്കുവാ

"ഇതില്‍ ആരാ രോഗി ന്നു"

അന്നേ മനസ്സില്‍ കരുതിയതാണ് വയറു കുറക്കണം ന്നു, അങ്ങനെ ലവണ തൈലം നിര്‍ത്തി, പകരം സ്മാര്‍ട്ട്‌ ഗുളിക കഴിക്കാന്‍ തുടങ്ങി, ഒരിക്കല്‍ കാലിയായ ബോട്ടില്‍ കണ്ടു ഭാര്യ പറയുവാ

"ഇത് വണ്ണം കുറയ്ക്കാനല്ല, വിശപ്പ്‌ കൂടാനാണ് എന്ന് തോന്നുന്നു"

Monday, January 3, 2011

അളിയാ അളിയനെയല്ല, അളിയന്‍ കഴിച്ചോ

പൂന്തോപ്പില്‍ ജോസ് എന്ന എന്റെ സുഹൃത്തിനെ എന്റെ പോസ്റ്റില്‍ പരാമര്‍ശിക്കണം എന്നത് എന്റെ എന്റെ ഏറ്റവും വലിയ മോഹമായിരുന്നു. കാരണം ഒന്ന് അയല്‍പക്കത്തെ അദ്ദേഹം, ഉറ്റ സുഹൃത്ത്‌, ഒരു കുഞ്ഞിന്റെ അപ്പന്‍, കലവൂരിലെ ഫേമസ് തയ്യല്‍ക്കാരന്‍, ഭാവം കണ്ടാല്‍ മന്മോഹന് വരെ നിക്കര്‍ അടിച്ചു കൊടുക്കുന്നത് പുള്ളിക്കാരന്‍ ആണെന്ന ഭാവം, ഇതൊക്കെ ആണെങ്കിലും, ആളൊരു പുലി ആണെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

കൈനകരി എന്ന കുട്ടനാടന്‍ ഗ്രാമത്തില്‍ നിന്നും വിവാഹം കഴിച്ചിരിക്കുന്ന കാരണം ഭാര്യ വീട്ടിലോട്ടുള്ള യാത്ര വളരെ രസകരം ആണ്. ജോസിന്റെ കൂടെ മിക്കപ്പോഴും ഞാന്‍ ആവും അകമ്പടി. കാരണം പോവുന്ന വഴികളില്‍ ഉള്ള ഷാപ്പിന്റെ എണ്ണം തന്നെ. കൂടാതെ നല്ല ഒന്നാം ക്ലാസ്സ്‌ ഫുഡും. ബൈക്ക് കൈനകരി പോസ്റ്റ്‌ ഓഫീസില്‍ വച്ച് കടത്തും കടന്നു അക്കരെ എത്തി പിന്നെ വയലിന്റെ നടവരമ്പിലൂടെ ഉള്ള യാത്ര തീര്‍ത്തും എന്നെ പോലെ അവധിക്കു വരുന്നവര്‍ക്ക് അര്‍മാദിക്കാന്‍ തന്നെ ഉള്ളതാണ്.

കലവൂരില്‍ നിന്നും ബൈക്കില്‍ തിരിച്ചു, പാതിരപള്ളി, തുമ്പോളി, കൊമ്മാടി, പിന്നിട്ടു ശവക്കോട്ട പാലം കഴിഞ്ഞു, ഇരുമ്പ് പാലത്തില്‍ കയറി മെഡിക്കല്‍ കോളേജ് പിന്നിട്ടു വീണ്ടും തെക്കോട്ട്‌ വന്നു എസ് ഡീ കോളേജ് നു മുന്‍പ് ഇടത്തോട്ടു തിരിഞ്ഞു ചങ്ങനാശ്ശേരി റോഡില്‍ ഒറ്റ വിടല്‍ ആണ്. മനോഹരമായ കാഴ്ചകള്‍ കണ്ടു സുഖമായി കാറ്റും കൊണ്ട് പോവുന്ന ഒരു സുഖം, ഒരിടത്തും കിട്ടുകേല. പള്ളതുരുത്തി പാലം ഇറങ്ങി വീണ്ടും കിഴക്കോട്ടു വരുമ്പോള്‍ നെടുമുടി. അവിടുത്തെ ഒരു ഷാപ്പുണ്ട് അതാണ് നെടുമുടി ഷാപ്പ്‌. തുടക്കം അവിടുന്ന്. ആ ഷാപ്പിന്റെ പുറകില്‍ ഇരുന്നു വിശാലമായ വയലിലേക്കു നോക്കി കാറ്റും കൊണ്ട് കൊച്ചുവര്തമാനവും പറഞ്ഞിരുന്നു കള്ള് കൊടം മോന്താന്‍ എന്ന സുഖമാ എന്റെ അമ്മോ.

കഴിഞ്ഞ അവധിക്കു ഇതുപോലെ ജോസിന്റെ ഭാര്യ വീട്ടിലേക്കു ഒരു കറക്കം, പതിവുപോലെ നെടുമുടി ഷാപ്പില്‍ എത്തി, പുറകിലെ ഡെസ്കില്‍ ഇരുന്നു നാട്ടിലെ ഗോസിപ്പുകള്‍, വിശേഷങ്ങള്‍ എല്ലാം ജോസിന്റെ നാവില്‍ നിന്നും കേട്ട് കള്ളും, കപ്പയും, വരാല്‍ കറിയും കൂടി തട്ടുമ്പോള്‍ അടിവയറ്റില്‍ ഒരു ഇരമ്പല്‍. അറബികടല്‍ അല്ല, പസിഫിക് സമുദ്രം ഇളകി വരുന്നു. ജോസിനോട് കാര്യം പറഞ്ഞു,

വടക്ക് പുറത്തെ അടുക്കളയോട് ചേര്‍ത്ത് കെട്ടിയ ചാക്ക് കൊണ്ട് ഡോര്‍ ഉള്ള അറ്റാച്ച് ബാത്രൂം ജോസ് കാണിച്ചു തന്നു, പിന്നെ പറഞ്ഞു
"ഓടിക്കോ സാധിച്ചോ, വെള്ളം ഞാന്‍ ഏറ്റു".
മുണ്ടും മടക്കി കുത്തി ഒറ്റ ഓട്ടത്തിന് അകത്തു. അടുക്കള വാതുക്കല്‍ മീന്‍ വെട്ടി കൊണ്ടിരുന്ന ചേച്ചി "അയ്യാ" എന്ന് കാറി കൂവി അകത്തേക്ക്. എന്താ സംഭവം എന്നറിയില്ലല്ലോ. അകത്തു കേറി ഒന്നിരുന്നതെ ഓര്‍മയുള്ളൂ. അത്രയ്ക്ക് ഗമണ്ടന്‍ സൌണ്ട് ആയിരുന്നു അകത്തു നിന്ന്. ക്ലോസെറ്റും തകര്‍ന്നു ഞാന്‍ അകത്തു പോയന്നു ഷാപ്പിലുള്ള എല്ലാവരും ഓര്‍ത്തു. കാര്യം കഴിഞ്ഞപ്പോള്‍ വെള്ളം ഇല്ല,

കള്ളിന്റെ മൂഡില്‍ പുറത്തു ആരോടോ ഫോണില്‍ "ഷാപ്പില്‍ ഞാന്‍ അപ്പിയിട്ടു മെഴുകിയ കാര്യത്തിന്റെ നോട്ടീസ് കലവൂരില്‍ അടിച്ചിറക്കണം" എന്ന് പറയുന്ന ജോസിനോട് വെള്ളത്തിന്റെ കാര്യം സൂചിപ്പിച്ചു. വെള്ളവും എത്തി . ഒരു നെരോലക് പെയിന്റ് വരുന്ന ബക്കറ്റില്‍, ഒന്നും നോക്കാതെ കഴുകി കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ജോസ് ചിരിയോടു ചിരി. കൂടാതെ കുടിയന്മാര്‍ എല്ലാരും. കാര്യം ചോദിച്ചപ്പോള്‍ ജോസ് പറയുവാ "കുളിച്ചു കഴിഞ്ഞാല്‍ നാറ്റം പോവും, മീന്‍ വെട്ടിയ വെള്ളമാണ് മച്ചൂ ഞാന്‍ കഴുകാന്‍ തന്നത് , നീ ക്ഷമിക്കും എന്നെനിക്കറിയാം,കാരണം കാര്യം നടന്നില്ലേ" ഇതിലും ഭേദം ക്ലോസേറ്റ് തകര്‍ന്നു മരിച്ചാല്‍ മതിയെന്ന് തോന്നി പോയാല്‍ കുറ്റം പറയാന്‍ പറ്റുവോ.

ഓരോ അവധിക്കു വരുമ്പോളും എനിക്ക് ഓരോ പെണ്ണ് കാണല്‍ ഉണ്ടാവും. അകമ്പടി ജോസ് അണ്ണന്‍ തന്നെ, കാരണം, ചുറ്റുപാട് നിരീക്ഷിക്കല്‍ , കാരണവന്മാരെ ഒതുക്കല്‍, എനിക്കും പെണ്ണിനും മിണ്ടാനും പറയാനും ഒക്കെ ഉള്ള സൌകര്യം എല്ലാം ഒരുക്കാന്‍ ജോസിനെ കഴിഞ്ഞേ ഉള്ളു. മാരാരിക്കുളത്ത് ഇത് പോലെ ഒരു പെണ്ണ് കാണാന്‍ ഇത് പോലെ ഒരു അവധിക്കു പോയി. ബ്രോക്കെര്‍ ഓട്ടോയില്‍ മുന്‍പേ, ഞാനും ജോസും, മുന്‍പേ പോണ ആനയ്ക്ക് പിന്‍പേ രണ്ടാന എന്ന കണക്കില്‍ ബൈക്കില്‍ പുറകെ.

വീട് എത്തുന്നതിനു മുന്നേ ജോസ് പുറകില്‍ ഇരുന്നു പറഞ്ഞു: "ഡാ കുറുപ്പേ ചിലപ്പോള്‍ പെണ്ണിന്റെ തന്ത &*^%മോന്‍ എങ്ങാനും നമ്മള് വരുന്നുണ്ടോന്നു നോക്കി വേലിയുടെ അടുത്തോ അയല്‍വക്കത്തെ വീടിന്റെ അടുത്തോ ഒക്കെ നോക്കി നില്‍ക്കും, നേരത്തെ ഒന്ന് കണ്ടു വയ്ക്കാന്‍ " പറഞ്ഞു തീര്‍ന്നതും പെണ്ണിന്റെ വീടെത്തി.

ഞങ്ങള്‍ വീട്ടിലേക്കു കയറാന്‍ നേരം പെണ്ണിന്റെ അപ്പന്‍ എല്ലാരേയും സ്വീകരിക്കാന്‍ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ബൈക്കിലെ കണ്ണാടിയില്‍ നോക്കി നരച്ച മുടിയുടെ എണ്ണം കൂടിയിട്ടുണ്ടോ എന്ന് നോക്കി തിട്ടപെടുത്തി വന്ന ജോസിനെ പെണ്ണിന്റെ തന്ത കൈ കൊടുത്തു സ്വീകരിച്ചു പറഞ്ഞു

"നമസ്കാരം ഞാനാണ്‌ ആ തന്ത *&^% മോന്‍"

പെണ്ണ് കാണല്‍ പോയിട്ട് ഒരു ചായ പോലും കുടിക്കാതെ ഓടിയ ഓട്ടം . ബ്രോക്കെര്‍ പദ്മക്ഷി ചേച്ചി അതില്‍ പിന്നെ എന്നെയോ, എന്റെ അമ്മയോ കണ്ടാല്‍ ഇന്നൊക്കെ മിണ്ടും, പക്ഷെ ജോസിനെ കണ്ടാല്‍ അതെ ചെകുത്താന്‍, അതെ കുരിശു കഥ റിപീറ്റ് ആവും.

*********************************************************************************
ഒരു പതിവ് ഞായറാഴ്ച, ജോസ് ഒരു കിലോ ബീഫ്‌ ഒക്കെ വാങ്ങി നല്ല അടിപൊളിയായി ഫ്രൈ ഒക്കെ ചെയ്തു, ഭാര്യയും കൊച്ചും ഒക്കെ ആയി കഴിക്കാനിരുന്നു, ഒരു ഉരുള വായിലേക്ക് വച്ചപ്പോള്‍ വാതുക്കല്‍ ഒരു മുട്ട്. വാതില്‍ തുറന്നപ്പോള്‍ ഒരേ ഒരു അളിയന്‍ പുറത്തു, ഭാര്യയുടെ ആങ്ങള "കൊച്ചുമോന്‍ അളിയന്‍".

"അല്ലെ ഇതാര് അളിയന്, വാ അളിയാ, വന്നിരി, അളിയന്‍ വിശന്നു വരുകയാണ് അല്ലെ, എന്നാല്‍ ചോറ് ഉണ്ണാം, ഞങ്ങളും ഉണ്ണാന്‍ തുടങ്ങുകയായിരുന്നു, നല്ല ബീഫ്‌ ഒക്കെ ഉണ്ട്"

അളിയനും പെരുത്ത സന്തോഷം, അങ്ങനെ എല്ലാരും കൂടി ഉണ്ണാന്‍ ഇരുന്നു. ഓരോ ഉരുളകളും ഇറച്ചി കറിയില്‍ മുക്കി മേമ്പോടിക്ക് കഷ്ണങ്ങള്‍ വായിലേക്ക് ഫില്‍ ചെയ്തു അളിയന്‍ ഊണ് പകുതി ആക്കി. അന്നേരം വരുന്നു ജോസിന്റെ ഡയലോഗ് "ആറ്റുനോറ്റു ഒരു സണ്‍‌ഡേ വരും, അന്ന് നുള്ളി പെറുക്കി നൂറു ഗ്രാം ഇറച്ചി മേടിച്ചു കറിയും വച്ച് കഴിക്കാനിരിക്കുമ്പോള്‍ ഇതെങ്കിലും *&^%$# മക്കള്‍ അത് മൂ&&ന്‍ വരും" ഇത് കേട്ട് അളിയന്‍ കഴിപ്പ്‌ നിര്‍ത്തി കൈയ്യില്‍ ഒരുളയും പിടിച്ചു കണ്ണും തള്ളി ജോസിനേം പെങ്ങളേം നോക്കിയപ്പോള്‍ അതാ വരുന്നു ജോസിന്റെ അടുത്ത ഡയലോഗ് "അളിയാ അളിയനെ അല്ല അളിയാ, അളിയന്‍ കഴിക്കു, അളിയന്‍ കഴിക്കു"